Monday, March 16, 2009
രേണുക - മുരുകന് കാട്ടാക്കട
രേണുകേ... നീ രാഗരേണു...
കിനാവിന്റെ നീലക്കടമ്പിന്‍ പരാഗരേണു...
പിരിയുമ്പൊഴേതോ നനഞ്ഞകൊമ്പില് നിന്നു
നിലതെറ്റി വീണ രണ്ടിലകള്‍ നമ്മള് ...
രേണുകേ നാം രണ്ടു മേഘശകലങ്ങളായ്
അകലേക്കു മറയുന്ന ക്ഷണഭംഗികള്‍ ...
മഴവില്ലു താഴെവീണുടയുന്ന മാനത്തു
വിരഹമേഘ ശ്യാമഘനഭംഗികള് ...
പിരിയുന്നു രേണുകേ... നാം രണ്ടു പുഴകളായ്
ഒഴുകിയകലുന്നു നാം പ്രണയശൂന്യം
ജലമുറഞ്ഞൊരു ദീര്‍ഘശിലപോലെ നീ...
വറ്റിവറുതിയായ് ജീര്ണ്ണമായ് മൃതമായി ഞാന്‍ ...
ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനെക്കെന്തു നല്‍കണം
ഓര്‍മ്മിക്കണം എന്ന വാക്കുമാത്രം...
എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും
കണ്ടുമുട്ടാമെന്ന വാക്കുമാത്രം...
നാളെ പ്രതീക്ഷതന്‍ കുങ്കുമപ്പൂവായി
നാം കടം കൊള്ളുന്നതിത്രമാത്രം...
രേണുകേ... നാം രണ്ടു നിഴലുകള്‍ ...
ഇരുളില്‍ നാം രൂപങ്ങളില്ലാക്കിനാവുകള് ...
പകലിന്റെ നിറമാണു നമ്മളില്‍ ... നിനവും നിരാശയും...
കണ്ടുമുട്ടുന്നു നാം വീണ്ടുമീസന്ധ്യയില്
വര്‍ണ്ണങ്ങള്‍ വറ്റുന്ന കണ്ണുമായി
നിറയുന്നു നീയെന്നില്‍ നിന്റെ കണ്മുനകളില്
നിറയുന്ന കണ്ണുനീര്‍ത്തുള്ളിപോലെ ...
ഭ്രമമാണു പ്രണയം... വെറും ഭ്രമം...
വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടികസൌധം
എപ്പഴോ തട്ടിത്തകര്‍ന്നു വീഴുന്നു നാം
നഷ്ടങ്ങളറിയാതെ നഷ്ടപ്പെടുന്നു നാം...
സന്ധ്യയും മാഞ്ഞു നിഴല്‍മങ്ങി നോവിന്റെ
മൂകാന്ധകാരം കനക്കുന്ന രാവതില്‍
മുന്നില്‍ രൂപങ്ങളില്ലാക്കനങ്ങളായ്
നമ്മള് നിന്നൂ നിശബ്ദശബ്ദങ്ങളായ്
പകലുവറ്റിക്കടന്നുപോയ് കാലവും
പ്രണയമൂറ്റിച്ചിരിപ്പു രൌദ്രങ്ങളും
പുറകിലാരോ വിളിച്ചതായ് തോന്നിയോ
പ്രണയമരുതെന്നുരഞ്ഞതായ് തോന്നിയോ
ദുരിതമോഹങ്ങള്‍ക്കു മുകളില്നിന്നൊറ്റക്കു
ചിതറിവീഴുന്നതിന് മുന്പല്പമാത്രയില്
ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ
മധുരം മിഴിപ്പൂ നനച്ചുവോ... രേണുകേ..
Subscribe to:
Posts (Atom)
